റിയാദ് : കഴിഞ്ഞകാല പ്രവർത്തനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തും, നേട്ടങ്ങളും പോരായ്മകളും ചർച്ച ചെയ്തും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് കമ്മിറ്റി 2024-25 ലെ അർദ്ധവാർഷിക ജനറൽ ബോഡി ചേർന്നു.
ഓഗസ്റ്റ് 1ന് ബത്ത അൽ ഷായ സെന്റർ ഹാളിൽ ചേർന്ന യോഗം സൗദി നാഷണൽ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അൻസാർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് അസ്ലം കളക്കര ആമുഖ പ്രഭാഷണം നിർവഹിച്ചു.
ഈ കാലഘട്ടത്തിൽ സംഘടനകളുടെയും, കൂട്ടായ്മകളുടെയും അനിവാര്യതയെ കുറിച്ച് മുഖ്യ പ്രഭാഷണത്തിൽ ഉപദേശക കമ്മിറ്റി ചെയർമാൻ സലിം കളക്കര പ്രതിപാധിച്ചു.
ഈ കാലയളവിൽ റിയാദ് കമ്മിറ്റി നടത്തിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ആഷിഫ് ചങ്ങരംകുളവും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഷമീർ മേഘയും അവതരിപ്പിച്ചു.
റിപ്പോർട്ടുകളിന്മേൽ കാര്യ പ്രസക്തമായ ചർച്ചകൾ തന്നെ നടന്നു.
ജനസേവന വിഭാഗം കൺവീനർ റസാഖ് പുറങ്ങ് തന്റെ കീഴിൽ നടപ്പാക്കിയ സേവനപ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ചെയർമാൻ എം. എ. ഖാദർ ‘സാന്ത്വനം’ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തന രീതികളും വിശദമായി അവതരിപ്പിച്ചു.
തുടർന്ന് നടന്ന പരിചയപ്പെടൽ, ചോദ്യോത്തര വേള, സംശയനിവാരണ സദസ്സ് എന്നിവയിൽ അംഗങ്ങളുടെ സജീവ സാനിധ്യവും, പങ്കാളിത്തവും യോഗത്തെ കൂടുതൽ ഊർജ്ജസ്വലമാക്കി.
അംഗങ്ങൾ പങ്കുവെച്ചു വിലപ്പെട്ട അഭിപ്രായങ്ങളും, നിർദേശങ്ങളും ഗൗരവത്തോടെ പരിഗണിച്ച് സാധ്യമായ വിധത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആബിദ് പൊന്നാനി, വിഷ്ണു തുടങ്ങിയവരുടെ ഗാനാലാപനത്തോടെ തുടങ്ങിയ രണ്ടാം സെഷൻ അംഗങ്ങളെ ആവേശത്തിലാക്കി.
റിയാദ് പൊതു സമൂഹത്തിനിടയിൽ പൊന്നാനിയെ അടയാളപ്പെടുത്തുന്ന രീതിയിൽ വാർഷിക പരിപാടി നടത്താൻ തീരുമാനിച്ചു. അതിനു വേണ്ടി ആദ്യഘട്ട സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു.
റിയാദിലെ പൊന്നാനി താലൂക്ക് നിവാസികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്ക് അംഗങ്ങളെ തെരെഞ്ഞെടുത്തു.
ബക്കർ കളിയിൽ, ഫാജിസ് പി.വി, അൻവർഷാ, മുക്താർ, ജാഫർ വെളിയങ്കോട്, അനസ്.എം.ബാവ, ഷഫീക്ക് ശംസുദ്ധീൻ, തുടങ്ങിയവർ സംസാരിച്ചു.
ഡിജിറ്റൽ മെമ്പർഷിപ്പ് അപ്ഡേറ്റ്സിന് ഐ.ടി വിഭാഗം ചെയർമാൻ സംറൂദ് അയിങ്കലം, അൽത്താഫ് കളക്കര തുടങ്ങിയവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും, പ്രോഗ്രാം കൺവീനർ അഷ്കർ.വി നന്ദിയും പറഞ്ഞു.

