ദമ്മാം: പ്രവാസ ലോകത്ത് മലയാളി മനസ്സിന്റെ ഗൃഹാതുര ഓർമ്മകൾക്ക് പുതുമ നിറച്ചു കൊണ്ട് “പൊന്നോണം പൊന്നാനി സീസൺ 2” പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പി.സി.ഡബ്ല്യു.എഫ് കിഴക്കൻ പ്രവിശ്യയിൽ ഓണാഘോഷം സംഘടിപ്പിച്ചു.
കിഴക്കൻ പ്രവിശ്യ ഉൾപ്പെടുന്ന ദമ്മാം, അൽ ഖോബാർ, ജുബൈൽ, അൽ ഹസ്സ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം പേർ പങ്കെടുത്ത് ആഘോഷത്തിന് ചാരുത കൂട്ടി.
ടിഷ്യു പേപ്പർ ഉപയോഗിച്ച് സൃഷ്ടിച്ച പൂക്കളം പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം നടത്തിയ പരിശ്രമഫലമായ ഈ മനോഹര പൂക്കളം പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഒരുക്കി കൊണ്ട് എല്ലാവരുടെയും പ്രശംസ നേടി.
വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച പരിപാടിയിൽ കലാ-കായിക പരിപാടികളും അരങ്ങേറി.
ടീം ആവണിയുടെ നേതൃത്വത്തിൽ തിരുവാതിര, ടീം ഫ്യൂഷന്റെ സിനിമാറ്റിക് ഡാൻസ്, പിന്നണി ഗായകൻ ഫഹദ് ബക്കറിന്റെ മ്യൂസിക് നൈറ്റ് എന്നിവ വേദി നിറച്ചു.
കിഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഗാന-നൃത്തങ്ങളും അവതരിപ്പിച്ചു.
പി.സി.ഡബ്ല്യു.എഫ് കേരളീയ തനിമയോടെ അവതരിപ്പിച്ച മാവേലിയും, പുലിക്കളിയും ഓണാഘോഷത്തിന് പൂർണ്ണ ചൈതന്യം നൽകി. തുടർന്ന് നടന്ന വടംവലി, ഷൂട്ടൗട്ട്, ലെമൺ-സ്പൂൺ റെയ്‌സ് തുടങ്ങിയ കായിക മത്സരങ്ങൾ ആവേശത്തിന്റെ ഉച്ചകോടിയിലെത്തി.
പ്രോഗ്രാം കൺവീനർമാരായ സാലിഹ് ഉസ്മാൻ, സിറാജ് കെ.വി., ആസിഫ് കെ, ഫസ്ന ആസിഫ്, അർഷിന ഖലീൽ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ അംഗങ്ങളും ചേർന്ന് പരിപാടികൾ വിജയകരമായി നിയന്ത്രിച്ചു. കൈ നിറയെ സമ്മാനങ്ങളും മനസ്സ്
നിറയെ ഓണസ്മരണകളുമായി പങ്കെടുത്ത എല്ലാവർക്കും വേറിട്ട അനുഭവമായി.

