“മാനവിക സംസ്ക്കാരം ഉത്പാദിപ്പിക്കുന്ന ദേശമാണ് പൊന്നാനി”- ലീലാ കൃഷ്ണൻ

“മാനവിക സംസ്ക്കാരം ഉത്പാദിപ്പിക്കുന്ന ദേശമാണ് പൊന്നാനി”- ലീലാ കൃഷ്ണൻ

റിയാദ്: കവികളും എഴുത്തുകാരും സാമൂഹിക പരിഷ്കർത്താക്കളും ജനിച്ചു വാണ പൊന്നാനി, ലോകത്തിന് മാനവികതയുടെ ഉദാത്തമായ സംസ്ക്കാരമാണ് ഉത്പ്പാദിപ്പിക്കുന്നതെന്നും,
ഈ സന്ദേശം പകർന്നു നൽകുന്ന വേദിയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറിയെന്നും പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ജാതി–മത–വർഗ്ഗ വിഭജനങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന സംസ്കാരമാണ് പൊന്നാനിയുടെ അടിസ്ഥാന സ്വഭാവമെന്നും, മനുഷ്യർ ഏകോദര സഹോദരങ്ങളായി ജീവിക്കാനുളള നിക്ഷേപമാണ് പൊന്നാനിയുടെ സാഹിത്യ സമ്പത്തെന്നും, സാഹിത്യ- സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ, മതങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം മാനവരാശിയുടെ ഏകത്വമെന്ന സംസ്കൃതിയുടെ തുടക്കവും, തുടർച്ചയും പ്രദാനം ചെയ്ത പ്രദേശമാണ് പൊന്നാനിയെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി – റിയാദ് കമ്മിറ്റി രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "അഹ് ലൻ പൊന്നാനി 2025" സാംസ്ക്കാരിക സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാടിൻറ ചരിത്രവും സാമൂഹിക ബോധവും മനുഷ്യ സ്നേഹവും അഹ്‌ലൻ പൊന്നാനിയിലൂടെ വ്യക്തമായി പ്രതിഫലിക്കുന്നുവെന്നും, പ്രവാസ ജീവിതത്തിനിടയിൽ ഭാഷയും കലയും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ ഇത്തരം സാംസ്കാരിക കൂട്ടായ്മകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പി സി ഡബ്യു എഫ് ഗ്ലോബൽ ട്രഷറർ അടാട്ട് വാസുദേവൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
റിയാദ് കമ്മിറ്റി പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു.
മീഡിയ ചെയർമാൻ ലബീബ് മാറഞ്ചേരി ആമുഖ പ്രസംഗവും, ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും പറഞ്ഞു.
മുഖ്യ രക്ഷാധികാരി സലീം കളക്കര, ഡോ. ജയചന്ദ്രൻ, പ്രോഗ്രാം കൺവീനർ ആഷിഫ് മുഹമ്മദ്, ട്രഷറർ ഷമീർ മേഘ, വൈസ് ചെയർമാൻ അഷ്കർ വി, അസ്‌ലം കളക്കര, സുഹൈൽ മഖ്ദൂം, എം എ ഖാദർ തുടങ്ങിയവർ സംസാരിച്ചു.
ബിസിനസ് രംഗത്തെ പ്രമുഖനായ കോംബിക്സ് ഗ്രൂപ്പ് ഉടമ ഷമീർ മേഘയെ ആദരിച്ചു.
ആർക്കിടെക്ച്ചറൽ എക്സലൻസ് അവാർഡ് ആർട്ടിസ്റ്റിക് കമ്പനി ഉടമ ബാസിൽ ഇബ്രാഹിം ഏറ്റുവാങ്ങി.
പ്രവാസത്തിന്റെ 30 വർഷം പൂർത്തിയാക്കിയ റിയാദിലെ പൊന്നാനിക്കാർക്കുള്ള ആദരവും, സഹകരിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഉപഹാര സമർപ്പണവും നടന്നു.
സാമൂഹിക–സാംസ്കാരി ക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ റിയാദിലെ പ്രവാസി സമൂഹത്തിലെ നൂറുകണക്കിനാളുകൾ സംഗമത്തിൽ പങ്കെടുത്തു.
പ്രോഗ്രാം ചെയർമാൻ അൻവർ ഷാ നന്ദി പറഞ്ഞു.
ദേവിക കലാക്ഷേത്ര അവതരിപ്പിച്ച സ്വാഗതാഞ്ജലി, പൊന്നാനിയെക്കുറിച്ചും PCWF സംഘടനയെ ക്കുറിച്ചും തയ്യാറാക്കിയ വീഡിയോ പ്രദർശനം എന്നിവ ശ്രദ്ധേയമായി.
വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കുരുന്നോത്സവം, ക്ലേ മോഡലിംഗ് മത്സരം, സ്ത്രീകൾക്കായുള്ള പായസം മത്സരം എന്നിവ ആദ്യ സെഷനിൽ നടന്നു.
അൻസാർ നൈതല്ലൂർ കുരുന്നോത്സവം ഉദ്ഘാടനം ചെയ്തു.
വനിതാ കമ്മിറ്റി പ്രസിഡന്റ് ഷമീറ ഷമീർ അധ്യക്ഷത വഹിച്ചു. പി സി നിഷ ഷംനാദ്, വനിതാ കമ്മിറ്റി ഭാരവാഹികളായ സാബിറ ലബീബ്, സൽമ ഷഫീക്, സഫീറ ആഷിഫ്, ഷിഫാലിൻ സാംറൂദ്, തസ്‌നി ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
ലൈവ് ഓർക്കസ്ട്രയുടെ സഹായത്തോടെ പ്രമുഖ സിനിമ പിന്നണി ഗായകനും ഗാനരചയിതാവുമായ മണികണ്ഠൻ പെരുമ്പടപ്പിന്റെ നേതൃത്വത്തിൽ ‘ഓഷ്യൻ ഓഫ് മ്യൂസിക് ’ സംഗീത മേളയും, സൂഫി ഖവാലി ഗായകൻ ജാഫർ ആഷിഖിന്റെ നേതൃത്വത്തിൽ ഖവാലി നൈറ്റും അരങ്ങേറി.
അംഗങ്ങളുടെ സംഗീത മേളയും ശ്രദ്ധേയമായി. ‘പോസ് വിത്ത്‌ പൊന്നാനി ’ ഫോട്ടോ മത്സരവും സംഘടിപ്പിച്ചു.
പൊന്നാനിയുടെ ചരിത്രവും സംസ്കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ‘പൊന്നാനി കാഴ്ച’ പ്രദർശനം ആസ്വാദകർക്ക് വേറിട്ട അനുഭവമായി.
റിയാദിലെ ഡൽഹി പബ്ലിക് സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ‘അഹ്‌ലൻ പൊന്നാനി 2025’ നടന്നത്.
ഷഫീക് പിലാക്കൽ, സാഫിർ, ഷഫീക് ശംസുദ്ധീൻ, മുഫാഷിർ, ഉസ്മാൻ, ഷംസു കളക്കര, അൻവർ മൊയ്‌ദു, സാദിക്ക്, നിസാർ ബോസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പാചക വിദഗ്‌ദരായ രഞ്ജിത്ത് ശ്രീധർ, നജുമുദ്ധീൻ അദ്ധ്യാപികയായ ഹഫ്‌ന കമർ തുടങ്ങിയവർ പാചക മത്സര വിധികർത്താക്കളായായിരുന്നു.
സജിൻ, നിഷാൻ, ഹിബ, നിസാർ ഗുരുക്കൾ എന്നിവർ അവതാരകരായി .
വിവിധ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഈ മഹോത്സവം റിയാദിലെ പ്രവാസി സമൂഹത്തിൽ വലിയ ശ്രദ്ധ നേടിയതായി സംഘാടകർ വ്യക്തമാക്കി.