പൊന്നാനിയുടെ വികസനത്തിന് പത്തിന പദ്ധതികൾ; പി സി ഡബ്ലിയു എഫ് സാരഥികൾ എം.എല്‍.എ പി.നന്ദകുമാറിനെ കണ്ടു

പൊന്നാനിയുടെ വികസനത്തിന് പത്തിന പദ്ധതികൾ; പി സി ഡബ്ലിയു എഫ് സാരഥികൾ എം.എല്‍.എ പി.നന്ദകുമാറിനെ കണ്ടു

പൊന്നാനി: വികസനത്തിനും, പുരോഗതിക്കും ആവശ്യമായ പത്തിന പദ്ധതികൾ സമർപ്പിക്കുന്നതിനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സാരഥികൾ സ്ഥലം എം.എല്‍.എ പി.നന്ദകുമാറിനെ കണ്ടു ചർച്ച നടത്തി.

ആവശ്യങ്ങൾ;

1. ലോക്ഡൗൺ ട്രോളിംഗ് നിരോധനം കടലാക്രമണം എന്നിവ കൊണ്ട് ദുരിതത്തിലായ നിത്യ ജീവിതത്തിന് തന്നെ പ്രയാസപ്പെടുന്ന കൂലി വേലക്കാരായ രക്ഷിതാക്കളുടെ മക്കൾക്ക് ഓൺലൈൺ പഠനത്തിനാവശ്യമായ മൊബൈൽ ഉൾപ്പെടെയുളള സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫലപ്രദമായ ഇടപെടലുകൾ നടത്തുക. അതോടൊപ്പം തന്നെ ഉപരിപഠന സംബന്ധമായി വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ്, ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികളെ സഹായിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കും വിധത്തിലുള്ള ബോധവൽക്കരണ പരിപാടികൾ, അദ്ധ്യാപകർക്കുള്ള സാങ്കേതിക പരിശീലനം തുടങ്ങിയവ ഗവൺമെന്റ് തലത്തിൽ, ഈ മേഖലയിലുള്ള സന്നദ്ധസംഘടനകളുടെ സഹായത്തോടെ നടപ്പാക്കുക.

2. താലൂക്കിലെ പതിനഞ്ചോളം ഹയർ സെക്കണ്ടറി സ്ക്കൂളിലെ മുവ്വായിരത്തിലധികം കുട്ടികളും, പ്രൈവറ്റ് സ്ഥാപനങ്ങളിലും മണ്ഡലത്തിന് പുറത്തുമായി പഠിക്കുന്ന ഏകദേശം ഏഴായിരത്തിലധികം കുട്ടികളും ഉന്നത പഠനത്തിന് വേണ്ടി ആശ്രയിക്കുന്നത് മണ്ഡലത്തിലെ ഏക എയിഡഡ് കോളേജിനെയും ഒന്ന് രണ്ട് അൺ എയിഡഡ് കോളേജുകളെയുമാണ്. അതുകൊണ്ട് തന്നെ പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഉപരിപഠനത്തിന് വലിയ പ്രയാസം നേരിടുന്ന അവസ്ഥയാണ്.

ആയതിനാൽ ഈ വിഷയത്തിൽ സർക്കാറിൻറ അടിയന്തര ശ്രദ്ധ പതിപ്പിക്കുന്നതിനും മണ്ഡലത്തിൽ എത്രയും വേഗത്തിൽ ഒരു സർക്കാർ കോളേജ് ലഭ്യമാക്കുന്നതിനും എം.എൽ.എ എന്ന നിലയില്‍ ഊർജ്ജിത ഇടപെടൽ നടത്തുക.

3. കോവിഡ് ബാധിച്ച് മരണമടഞ്ഞ മാതാപിതാക്കളുടെ കുട്ടികൾക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ മണ്ഡലത്തിൽ ലഭിക്കുന്നതിന്നായി വേണ്ട ശ്രമങ്ങൾ നടത്തുക.

4.മത്സ്യത്തൊഴിലാളികളും,സാധാരണക്കാരു മുൾപ്പെടെ താലൂക്കിലെ നാല് ലക്ഷത്തോളം ജനങ്ങളും, തൊട്ടടുത്ത താലൂക്ക് നിവാസികളും ആശ്രയിക്കുന്ന
പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ബാക്കിയുളള സ്ഥലത്തോ അനുയോജ്യമായ മറ്റു സ്ഥലങ്ങളിലോ ജില്ലക്ക് അനുവദിക്കാനിരിക്കുന്ന ജനറൽ ആശുപത്രി പൊന്നാനിക്ക് നേടിയെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.

5. തീരദേശത്തെ ആരോഗ്യരംഗത്ത് ഒട്ടനവധി കാര്യങ്ങൾ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന വിവരം സന്തോഷത്തോടെ ഓർക്കുന്നു. അതോടൊപ്പം ജനങ്ങളിൽ നല്ലൊരു ശതമാനവും വിളർച്ച അഥവാ അനീമിയ ബാധിതരായി കൊണ്ടിരിക്കുന്നു. ആയതിനാൽ ഗർഭിണികൾക്കും കുട്ടികൾക്കും അതുപോലെ വൃദ്ധരായ വർക്കും രക്തം ട്രാൻസ്ഫ്യൂഷന്‍ ആവശ്യമായി വന്നാൽ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളെയോ തിരൂർ ജില്ലാ ആശുപത്രിയെയോ ആശ്രയിക്കേണ്ടിവരുന്നദുരവസ്ഥയാണുള്ളത്. ആയതിനാൽ എത്രയും വേഗം ബ്ലഡ് ബാങ്ക് ബ്ലഡ് സ്റ്റോറേജ് സെന്റർ പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക.

6. അസൗകര്യങ്ങളാൽ വീർപ്പ് മുട്ടുന്ന പുരാതന തുറമുഖ പട്ടണമായ പൊന്നാനി അങ്ങാടിയുടെ വികസനത്തിന് ഊന്നൽ നൽകുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക.

7. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ പഴയ പൊന്നാനി താലൂക്ക് ഉൾപ്പെടെയുളള പ്രദേശങ്ങളെ കൂട്ടി ചേർത്ത് പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല രൂപീകരിക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തുക.

8. സഹകരണ അടിസ്ഥാനത്തിലോ മറ്റോ നഗരസഭ പരിധിയിൽ ഹൈടക് മത്സ്യ മാംസ മാർക്കറ്റ് ആരംഭിക്കുക.

9.കാർഷിക വിളകൾക്ക് വിപണന കേന്ദ്രം സ്ഥാപിക്കുക

10.നിയമസഭാ സ്പീക്കർ കൂടിയായിരുന്ന മുൻ എംഎല്‍എ പി. ശ്രീരാമകൃഷ്ണൻ കഴിഞ്ഞ സർക്കാറിൻറ കാലത്ത് തുടങ്ങി വെച്ച പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുക.

സി എസ് പൊന്നാനി, പി എ അബ്ദുട്ടി, ഡോ: അബ്ദുറഹ്മാൻ കുട്ടി, സി വി മുഹമ്മദ് നവാസ്, അബ്ദുല്ലതീഫ് കളക്കര, നാരായണൻ മണി, സക്കരിയ്യ, പിപി ഹംസ തുടങ്ങിയവർ സംബന്ധിച്ചു.