എടപ്പാൾ: സ്ത്രീത്വം സമത്വം നിർഭയത്വം എന്ന ശീർഷകത്തിൽ ഡിസംബർ 31 , ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഇ കെ ഓഡിറ്റോറിയം ) നടക്കുന്ന PCWF വനിതാ എട്ടാം വാർഷിക സമ്മേളനത്തിന്റേയും, പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിന്റേയും പ്രചരണാർത്ഥം എടപ്പാൾ അംശകച്ചേരി അൻസാർ കോളേജിൽ സംഘടിപ്പിച്ച
തക്കാരം – 2022 സീസൺ 7 പാചക മൽസരത്തിൽ പൊൻറാണിയായി പൊന്നാനി നഗരസഭ അമ്പത്തി ഒന്നാം വാർഡിലെ സി വി ഹാജറയെ തെരെഞ്ഞെടുത്തു.
രണ്ടാം സ്ഥാനം എടപ്പാൾ അംശക്കച്ചേരി ഒമ്പതാം വാർഡിലെ കദീജത്തുൽ കുബ്റയും, മൂന്നാം സ്ഥാനം എടപ്പാൾ പഞ്ചായത്ത് വാർഡ് എട്ടിലെ
സുഹറ പാടഞ്ചേരിയും പങ്കിട്ടു.
ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പലഹാരങ്ങളുമായി മുപ്പത്തി രണ്ട് വനിതകൾ മത്സരത്തിൽ പങ്കാളികളായി.
ഒന്നാം സ്ഥാനം ചിക്കൻ ഡോനട്സും, രണ്ടാം സ്ഥാനം ചിക്കൻ ലോക്ക്ഡ് ഫ്രൈസും , മൂന്നാം സ്ഥാനം കോഴിക്കാലുമാണ് നേടിയത്.
മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രശസ്തി പത്രവും സമ്മാനങ്ങളും ,
ഒന്നാം സ്ഥാനക്കാരിക്ക് പൊൻറാണി പട്ടവും സ്വർണ്ണ നാണയവും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഗൃഹോപകരണ സമ്മാനങ്ങളും ഡിസംബർ 31 ന് നടക്കുന്ന വനിതാ സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.
മത്സരത്തിന് എത്തിയ മുപ്പത്തി രണ്ട് പലഹാരങ്ങളും ലേലം ചെയ്തു. ലേലത്തിലൂടെ ലഭ്യമായ സംഖ്യ ജനുവരി ഒന്നിന് നടക്കുന്ന പത്താംഘട്ട വിവാഹ സംഗമത്തിലേക്ക് മാറ്റി വെച്ചു.
സംഘാടക സമിതി ചെയർമാൻ ഹിഫ്സു റഹ്മാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വാർഡ് കൗൺസിലർ
മുനീറ ഉദ്ഘാടനം ചെയ്തു.
തുടർന്ന് എടപ്പാൾ ബാപ്പു, എടപ്പാൾ വിശ്വൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സായാഹ്നവും അരങ്ങേറി.
പി സി ഡബ്ല്യു എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നല്കി.
റോഷ്നി ബുഷൈർ പാലക്കൽ, അജീഷ മാറഞ്ചേരി , സൗദ നജീബ് പെരുമ്പറമ്പ് തുടങ്ങിയവർ ജൂറി അംഗങ്ങളായിരുന്നു.
ഖലീൽ റഹ്മാന്റെ നന്ദി പ്രകടനത്തോടെ പരിപാടികൾ അവസാനിച്ചു .

