PCWF വാർത്തകൾ

പൊന്നാനി: താലൂക്കിലെ വനിതകൾക്ക് സംഘടിതമായി മുന്നേറാൻ കരുത്ത് പകർന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനൊന്നാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായി മാതൃകാ പ്രവർത്തനങ്ങൾ നടത്തി വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നുവെന്ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ പറഞ്ഞു. ചാണാറോഡ് വഹീദ കൺവെൻഷൻ സെന്ററിൽ നടന്ന പി സി ഡബ്യു എഫ് പതിനൊന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായുളള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് സംസ്ഥാന ട്രഷറർ ഷൈന ജോർജ്ജ് ചാലക്കുടി മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി ചെയർപേഴ്സൺ എം എം സുബൈദ പോത്തനൂർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ രോഷിനി പാലക്കൽ സ്വാഗതം പറഞ്ഞു. സ്വാശ്രയ തയ്യൽ പരീശീലനം പൂർത്തിയാക്കിയ പത്താം ബാച്ചിലെ 12 പഠിതാക്കൾക്ക് സർട്ടഫിക്കറ്റ് വിതരണം ചെയ്തൂ. കേരളപ്പിറവി ദിനത്തിൽ നടത്തിയ പ്രബന്ധ രചന മത്സര വിജയികൾക്ക് ക്യാഷ് അവാർഡും, ഉപഹാരവും സമർപ്പിച്ചു. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്ത്രീധന വിരുദ്ധ ദിനത്തിൽ നടത്തിയ സെമിനാറിൽ ഏറ്റവും നല്ല അവതരണ മികവിന് ആർ ഐശ്വര്യക്ക് ക്യാഷ് അവാർഡും, ഉപഹാരവും പങ്കെടുത്തവർക്കെല്ലാം പ്രശസ്തി പത്രവും പാനൂസ പരിഷ്ക്കരിച്ച പതിപ്പും സമ്മാനിച്ചു. ഹൈദരലി മാസ്റ്റർ, രാജൻ തലക്കാട്ട്, അബ്ദുട്ടി പി എം, ആയിഷ ഹസ്സൻ തുടങ്ങിയവർ സംബന്ധിച്ചു. സബീന ബാബു നന്ദി പറഞ്ഞു.

തുടരുക...

പൊന്നാനി: പതിനൊന്ന് വർഷത്തെ പ്രവർത്തന മികവിന്റെ അടയാളപ്പെടുത്തലുകളുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു. ചാണാറോഡ് വഹീദ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം ഉപദേശക സമിതി ചെയർ പേഴ്സൺ വി കെ ബീക്കുട്ടി ടീച്ചർ പതാക ഉയർത്തിയതോടെ ആരംഭിച്ചു. തുടർന്ന്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അമ്പതോളം വിധവകൾക്ക് കാരുണ്യ സ്പർശം ധന സഹായം വിതരണം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായുളള വാർഷിക പ്രതിനിധി സഭ പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി വി സുധ ഉദ്ഘാടനം ചെയ്തു. വനിതാ ശാക്തീകരണം സാമൂഹ്യ ബാധ്യതയാണെന്നും, അത് ഏറ്റെടുക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ അഭിപ്രായപ്പെട്ടു. പതിനൊന്നാം വാർഷികോപഹാരമായി പുറത്തിറക്കിയ "പൊൻവാനി" വാർഷിക പതിപ്പ് നഗരസഭ പ്രതിപക്ഷ നേതാവ് ടി കെ അഷ്റഫ് പ്രകാശനം ചെയ്തു. വനിതകൾക്ക് കരുത്ത് പകരാൻ പൊന്നാനിയുടെ സേവന മേഖലയിൽ പി സി ഡബ്യു എഫ് നിലനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒമാൻ വനിതാ ഘടകം പ്രസിഡന്റ് സൽമ നസീർ വാർഷിക പതിപ്പ് ഏറ്റുവാങ്ങി. ദമ്മാം കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ പ്രകാശനം വാർഡ് കൗൺസിലർ റഫീഖ് പറമ്പിൽ പ്രകാശനം ചെയ്തു. വനിത കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ സ്വാഗതം പറഞ്ഞു. ഗ്ലോബൽ ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് മുഖ്യ പ്രഭാഷണം നടത്തി. സംഘടനയുടെ ഗ്ലോബൽ ട്രഷറർ ആയിരുന്ന എ കെ മുസ്തഫയുടെ ആറാമത് അനുസ്മരണ പ്രഭാഷണം വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഹൈറുന്നിഷ പാലപ്പെട്ടിയും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഖദീജ മുത്തേടത്തും നടത്തി. തുടർന്ന് ചർച്ചയും മറുപടിയും ഭാരവാഹികളുടെ ഒഴിവ് നികത്തലുമുണ്ടായി. ദേശിയ പുരസ്ക്കാര ജേതാവ് ഡോ: കെ എം റാഷിദയ്ക്ക് ആദരം സമർപ്പിച്ചു. ശിശു ദിനത്തിൽ സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തിൽ ജൂനിയർ - സബ് ജൂനിയർ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരവും, പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റും, പ്രോൽസാഹന സമ്മാനങ്ങളും വിതരണം ചെയ്തു. ശാരദ ടീച്ചർ, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഹനീഫ മാളിയേക്കൽ, അഷ്റഫ് മച്ചിങ്ങൽ എൻ പി അഷ്റഫ്, ബിജു ദേവസി, റക്കീബ നൗഫൽ, റമീന ആസിഫ്, ഇഖ്ബാൽ വെളിയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു. സുഹ്റ ബാബു നന്ദി പറഞ്ഞു.

തുടരുക...

പൊന്നാനി: PCWF വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിളാ പാതയോരത്ത് സംഘടിപ്പിച്ച തക്കാരം പാചക മത്സരം സീസൺ–10 ൽ പൊന്നാനി മുൻസിപ്പാലിറ്റി 53-ാം വാർഡിലെ പി. ജംഷീന ഒന്നാം സ്ഥാനം നേടി ‘പൊൻറാണി' യായി തെരഞ്ഞെടുക്കപ്പെട്ടു. ചന്തപ്പടി 36-ാം വാർഡിലെ പി.വി. ഹിദാ ഫാത്തിമ രണ്ടാം സ്ഥാനവും, കാലടി പഞ്ചായത്ത് 18-ാം വാർഡിലെ തണ്ടിലം സ്വദേശിനി സയ്യിദ: എൻ മൂന്നാം സ്ഥാനവും നേടി. ഈ വർഷം മിൽക്ക് കേക്ക് ആയിരുന്നു മത്സര ഇനം. രുചി, അവതരണം, പുതുമ, ശുചിത്വം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിപിൻ വിജയൻ, സൈഫുന്നിസ ഷഫീഖ്, സൗദ നജീബ് എന്നിവരടങ്ങുന്ന മൂന്നംഗ ജൂറിയാണ് മത്സരത്തിന് വിധികർത്താക്കളായിരുന്നത്. PCWF വനിതാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി വലിയ ജനപങ്കാളിത്തത്തോടെയാണ് നടന്നത്. സ്ത്രീകളുടെ പാചക വൈദഗ്ധ്യവും സൃഷ്ടിപരതയും പ്രോത്സാഹിപ്പിക്കുന്ന വേദിയായി മത്സരം മാറി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും, വിജയികൾക്ക് ക്യാഷ് അവാർഡും, ഉപഹാരവും 2026 ജനുവരി 1 ന് ചാണാറോഡ് വഹീദ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന PCWF പതിനൊന്നാമത് വനിതാ വാർഷിക സമ്മേളനത്തിൽ വെച്ച് നൽകുന്നതാണ്.

തുടരുക...

പൊന്നാനി : നവംബർ 26 സ്ത്രീധന വിരുദ്ധ ദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷത്തി ന്റെ ഭാഗമായി എം ഇ എസ് കോളേജ് നിർഭയ വിമൻസ് ഡെവലപ്പ്മെന്റ് സെല്ലുമായി സഹകരിച്ച് എം എസ് കെ ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ എം ഇ എസ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചതിൽ നിന്നും മികച്ച അവതരണത്തിന് ആർ ഐശ്വര്യക്ക് അംഗീകാരം. പൊന്നാനി എം ഇ എസ് കോളേജ് ഫിസിക്സ് വിഭാഗത്തിൽ ഫൈനൽ വർഷ വിദ്യാർത്ഥിയാണ്. വട്ടംക്കുളം പഞ്ചായത്ത്‌ പോട്ടൂർ ടി കെ രൂപൻ, സൗമ്യ പി വി ദമ്പതികളുടെ മകളാണ്. പ്രൊഫ: വി കെ ബേബി, ഡോ: ബാബു ഇബ്രാഹിം, അടാട്ട് വാസുദേവൻ മാസ്റ്റർ എന്നിവരടങ്ങുന്ന ജൂറിയാണ് പങ്കെടുത്ത ഒമ്പത് പേരിൽ നിന്നും ഇവരെ തെരെഞ്ഞെടുത്തത്. സാമ്പത്തിക മേഖല (എക്കണോമിക്സ്) സ്ത്രീധനവും സ്ത്രീയുടെ സാമ്പത്തിക സ്വാശ്രയത്വവും: സ്ത്രീധനം നൽകുന്നത് ഒഴിവാക്കാൻ സ്ത്രീകൾക്ക് സ്വയം തൊഴിലിലൂടെയോ, വിദ്യാഭ്യാസം വഴിയോ എങ്ങനെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാമെന്നും വളരെ കൃത്യതയോടെ അവതരിപ്പിച്ച് സംസാരിച്ചു. ഏറ്റവും നല്ല അവതരണ മികവിന് 3001രൂപ ക്യാഷ് അവാർഡും, പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രശസ്തി പത്രവും സമ്മാനവും, 2026 ജനുവരി 1 ന് ചാണാറോഡ്, വഹീദ കൺവെൻഷൻ സെന്ററിൽ നടക്കുന്ന PCWF പതിനൊന്നാമത് വനിതാ വാർഷിക സമ്മേളനത്തിൽ വെച്ച് നൽകുന്നതാണ്.

തുടരുക...

പൊന്നാനി : സമാധാനവും സ്നേഹവും ഭൂമിയിൽ നിറഞ്ഞ് നിൽക്കാൻ സഹനത്തിന്റെയും നന്മയുടെയും സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഭാരവാഹികൾ പൊന്നാനി സെന്റ് ആന്റണീസ് ചർച്ച് സന്ദര്‍ശിച്ച് ക്രിസ്തുമസ് ആശംസകൾ കൈമാറി. ഫാദർ ഫെബിൻ ചിറയത്ത് ഡൊമനിക് , ഇടവക പ്രതിനിധികൾ എന്നിവരുമായി കൂടികാഴ്ച്ച നടത്തുകയും സന്തോഷ സൂചകമായി കേക്ക് കൈമാറുകയും ചെയ്തു. അബ്ദുട്ടി ബി എം, ജി സിദ്ദീഖ് തവനൂർ, അബ്ദുറസാഖ് കെ പി, ഹനീഫ മാളിയേക്കൽ, മുജീബ് കിസ്മത്ത് , റംല കെ പി, ബിജുദേവസി സഊദി , ഹബീബ് റഹ്മാൻ യു എ ഇ തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

റിയാദ്: കവികളും എഴുത്തുകാരും സാമൂഹിക പരിഷ്കർത്താക്കളും ജനിച്ചു വാണ പൊന്നാനി, ലോകത്തിന് മാനവികതയുടെ ഉദാത്തമായ സംസ്ക്കാരമാണ് ഉത്പ്പാദിപ്പിക്കുന്നതെന്നും, ഈ സന്ദേശം പകർന്നു നൽകുന്ന വേദിയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറിയെന്നും പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജാതി–മത–വർഗ്ഗ വിഭജനങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന സംസ്കാരമാണ് പൊന്നാനിയുടെ അടിസ്ഥാന സ്വഭാവമെന്നും, മനുഷ്യർ ഏകോദര സഹോദരങ്ങളായി ജീവിക്കാനുളള നിക്ഷേപമാണ് പൊന്നാനിയുടെ സാഹിത്യ സമ്പത്തെന്നും, സാഹിത്യ- സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ, മതങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം മാനവരാശിയുടെ ഏകത്വമെന്ന സംസ്കൃതിയുടെ തുടക്കവും, തുടർച്ചയും പ്രദാനം ചെയ്ത പ്രദേശമാണ് പൊന്നാനിയെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി - റിയാദ് കമ്മിറ്റി രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "അഹ് ലൻ പൊന്നാനി 2025" സാംസ്ക്കാരിക സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടിൻറ ചരിത്രവും സാമൂഹിക ബോധവും മനുഷ്യ സ്നേഹവും അഹ്‌ലൻ പൊന്നാനിയിലൂടെ വ്യക്തമായി പ്രതിഫലിക്കുന്നുവെന്നും, പ്രവാസ ജീവിതത്തിനിടയിൽ ഭാഷയും കലയും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ ഇത്തരം സാംസ്കാരിക കൂട്ടായ്മകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. പി സി ഡബ്യു എഫ് ഗ്ലോബൽ ട്രഷറർ അടാട്ട് വാസുദേവൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിയാദ് കമ്മിറ്റി പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു. മീഡിയ ചെയർമാൻ ലബീബ് മാറഞ്ചേരി ആമുഖ പ്രസംഗവും, ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും പറഞ്ഞു. മുഖ്യ രക്ഷാധികാരി സലീം കളക്കര, ഡോ. ജയചന്ദ്രൻ, പ്രോഗ്രാം കൺവീനർ ആഷിഫ് മുഹമ്മദ്, ട്രഷറർ ഷമീർ മേഘ, വൈസ് ചെയർമാൻ അഷ്കർ വി, അസ്‌ലം കളക്കര, സുഹൈൽ മഖ്ദൂം, എം എ ഖാദർ തുടങ്ങിയവർ സംസാരിച്ചു. ബിസിനസ് രംഗത്തെ പ്രമുഖനായ കോംബിക്സ് ഗ്രൂപ്പ് ഉടമ ഷമീർ മേഘയെ ആദരിച്ചു. ആർക്കിടെക്ച്ചറൽ എക്സലൻസ് അവാർഡ് ആർട്ടിസ്റ്റിക് കമ്പനി ഉടമ ബാസിൽ ഇബ്രാഹിം ഏറ്റുവാങ്ങി. പ്രവാസത്തിന്റെ 30 വർഷം പൂർത്തിയാക്കിയ റിയാദിലെ പൊന്നാനിക്കാർക്കുള്ള ആദരവും, സഹകരിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഉപഹാര സമർപ്പണവും നടന്നു. സാമൂഹിക–സാംസ്കാരി ക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ റിയാദിലെ പ്രവാസി സമൂഹത്തിലെ നൂറുകണക്കിനാളുകൾ സംഗമത്തിൽ പങ്കെടുത്തു. പ്രോഗ്രാം ചെയർമാൻ അൻവർ ഷാ നന്ദി പറഞ്ഞു. ദേവിക കലാക്ഷേത്ര അവതരിപ്പിച്ച സ്വാഗതാഞ്ജലി, പൊന്നാനിയെക്കുറിച്ചും PCWF സംഘടനയെ ക്കുറിച്ചും തയ്യാറാക്കിയ വീഡിയോ പ്രദർശനം എന്നിവ ശ്രദ്ധേയമായി. വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കുരുന്നോത്സവം, ക്ലേ മോഡലിംഗ് മത്സരം, സ്ത്രീകൾക്കായുള്ള പായസം മത്സരം എന്നിവ ആദ്യ സെഷനിൽ നടന്നു. അൻസാർ നൈതല്ലൂർ കുരുന്നോത്സവം ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി പ്രസിഡന്റ് ഷമീറ ഷമീർ അധ്യക്ഷത വഹിച്ചു. പി സി നിഷ ഷംനാദ്, വനിതാ കമ്മിറ്റി ഭാരവാഹികളായ സാബിറ ലബീബ്, സൽമ ഷഫീക്, സഫീറ ആഷിഫ്, ഷിഫാലിൻ സാംറൂദ്, തസ്‌നി ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. ലൈവ് ഓർക്കസ്ട്രയുടെ സഹായത്തോടെ പ്രമുഖ സിനിമ പിന്നണി ഗായകനും ഗാനരചയിതാവുമായ മണികണ്ഠൻ പെരുമ്പടപ്പിന്റെ നേതൃത്വത്തിൽ ‘ഓഷ്യൻ ഓഫ് മ്യൂസിക് ’ സംഗീത മേളയും, സൂഫി ഖവാലി ഗായകൻ ജാഫർ ആഷിഖിന്റെ നേതൃത്വത്തിൽ ഖവാലി നൈറ്റും അരങ്ങേറി. അംഗങ്ങളുടെ സംഗീത മേളയും ശ്രദ്ധേയമായി. ‘പോസ് വിത്ത്‌ പൊന്നാനി ’ ഫോട്ടോ മത്സരവും സംഘടിപ്പിച്ചു. പൊന്നാനിയുടെ ചരിത്രവും സംസ്കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ‘പൊന്നാനി കാഴ്ച’ പ്രദർശനം ആസ്വാദകർക്ക് വേറിട്ട അനുഭവമായി. റിയാദിലെ ഡൽഹി പബ്ലിക് സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ‘അഹ്‌ലൻ പൊന്നാനി 2025’ നടന്നത്. ഷഫീക് പിലാക്കൽ, സാഫിർ, ഷഫീക് ശംസുദ്ധീൻ, മുഫാഷിർ, ഉസ്മാൻ, ഷംസു കളക്കര, അൻവർ മൊയ്‌ദു, സാദിക്ക്, നിസാർ ബോസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പാചക വിദഗ്‌ദരായ രഞ്ജിത്ത് ശ്രീധർ, നജുമുദ്ധീൻ അദ്ധ്യാപികയായ ഹഫ്‌ന കമർ തുടങ്ങിയവർ പാചക മത്സര വിധികർത്താക്കളായായിരുന്നു. സജിൻ, നിഷാൻ, ഹിബ, നിസാർ ഗുരുക്കൾ എന്നിവർ അവതാരകരായി . വിവിധ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഈ മഹോത്സവം റിയാദിലെ പ്രവാസി സമൂഹത്തിൽ വലിയ ശ്രദ്ധ നേടിയതായി സംഘാടകർ വ്യക്തമാക്കി.

തുടരുക...

പൊന്നാനി : ബെൻസി നൂർ ഹോസ്പിറ്റലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹെൽത്ത് (HFDC) വിഭാഗവും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പി സി ഡബ്യു എഫ് വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷത്തിൻറ ഭാഗമായി നൂർ ആശുപത്രിയിൽ വെച്ച് നടത്തിയ ക്യാമ്പ് നൂർ ഹോസ്പിറ്റൽ ചീഫ് ഇൻ ചാർജും, പ്രമേഹരോഗ വിദഗ്ധയുമായ ഡോ: ഹസീന ഉദ്ഘാടനം ചെയ്തു. കെപി അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. മുരളി മേലെപ്പാട്ട് അധ്യക്ഷത വഹിച്ചു . പി കോയകുട്ടി മാസ്റ്റർ, ക്യാമ്പ് കൺവീനർ മുഹമ്മദ് പൊന്നാനി, അഡ്മിനിസ്ട്രേറ്റർ ഷാനവാസ്, സുബൈദ പോത്തനൂർ, എസ് ലത ടീച്ചർ, തൂമ്പിൽ കുഞ്ഞുമൊയ്തീൻകുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ 250 ഓളം പേർ പങ്കെടുത്തു. ആസ്ത്മ, അലർജി, ശ്വാസകോശ സംബന്ധമായ പരിശോധന(COPD), നടക്കുമ്പോഴുള്ള കിതപ്പ്, കുട്ടികളിലെ അലർജി, മറ്റു രോഗങ്ങൾ, പുകവലി നിർത്താനുള്ള ചികിത്സ തുടങ്ങിയവ ക്യാമ്പിൽ ലഭ്യമായിരുന്നു. നേത്രരോഗ വിഭാഗം ഡോക്ടർ ജസീല ഫെബിൻ, ജനറൽ മെഡിസിൻ ഡോ: ഹസീന, ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഹിബ, ഗൈനക്കോളജിസ്റ്റ് ഡോ: റിൻസി എം ബഷീർ, ശ്വാസകോശ രോഗ വിഭാഗം ഡോ: മിധു കെ (MBBS, DTCD, DNB, Consultant Pulmonologist ) തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ആദ്യം രജിസ്റ്റർ ചെയ്ത 100 പേർക്ക് ശ്വാസകോശ സംബന്ധമായ ടെസ്റ്റ് (PFT) സൗജന്യമായും, ഇ സി ജി, എക്സറേ എന്നിവക്ക് അമ്പത് ശതമാനം ഇളവും നൽകിയിരുന്നു. ഹനീഫ മാളിയേക്കൽ നന്ദി പറഞ്ഞു.

തുടരുക...

മസ്കറ്റ്: PCWF ഒമാൻ നാഷണൽ കമ്മിറ്റി സ്പോർട്സ് വിംഗ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോക്സ് ക്രിക്കറ്റ് ടൂർണമെന്റ് 2025 ഡിസംബർ 12ന് ഗാലയിലെ ക്രിക് & പ്ലേ ഗ്രൗണ്ടിൽ വിജയകരമായി നടന്നു. സംഘടനയുടെ കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്സാഹം നൽകുന്ന രീതിയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റിന്റെ ഉദ്ഘാടനം PCWF ഉപദേശക സമിതി ചെയർമാൻ ശ്രീ. ജലീൽ നിർവഹിച്ചു. ചടങ്ങിന് PCWF നാഷണൽ കമ്മിറ്റി ട്രഷറർ ശ്രീ. സുബൈർ അധ്യക്ഷത വഹിച്ചു. വാശിയേറിയ മത്സരങ്ങൾക്ക് സാക്ഷിയായ ടൂർണമെന്റിൽ മസ്കറ്റ് റാപ്റ്റേഴ്സ് ടീം ചാമ്പ്യൻമാരായി. മംഗളൂരു യുണൈറ്റഡ് A ടീം റണ്ണർ-അപ്പായി. PCWF സ്പോർട്സ് വിങ് ചെയർമാൻ ഒമേഗ ഗഫൂറിന്റെ നേതൃത്വത്തിൽ കൺവീനർ ഷംസീർ ടൂർണമെന്റിന്റെ സംഘാടന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രതീഷ്, ഫിറോസ്, യഹിയ, ഫൈസൽ മഷൂദ്, മുർഷിദ്, ജഷിർ, നൗഷാദ് എന്നിവരടങ്ങുന്ന സ്പോർട്സ് വിങ് അംഗങ്ങൾ ടൂർണമെന്റിന് നേതൃത്വം നൽകി. വിജയികൾക്കുള്ള ചാമ്പ്യൻസ് ട്രോഫി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. സുബൈറും ശ്രീ. ജലീലും ചേർന്ന് സമ്മാനിച്ചു. റണ്ണർ-അപ്പ് ട്രോഫി വനിതാ വിങ് എക്സിക്യൂട്ടീവ് അംഗങ്ങൾ സമ്മാനിച്ചു. മറ്റ് വ്യക്തിഗത സമ്മാനങ്ങൾ സമീർ മത്ര, ബദറു, സലാം, മുസ്തഫ എന്നിവർ വിതരണം ചെയ്തു. ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ ടീമുകൾക്കും, സംഘാടകർക്കും രതീഷ് നന്ദി അറിയിച്ചു.

തുടരുക...

ഫർവാനിയ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കുവൈത്ത് വനിതാ ഘടകം വനിതാ സംഗമം സംഘടിപ്പിച്ചു. ഡിസംബർ 11 വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് ഫർവാനിയ ഗ്രീൻ പെപ്പർ ഫാമിലി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽnവീട്ടമ്മമാരും, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമുൾപ്പടെ ധാരാളം സ്ത്രീകൾ സംബന്ധിച്ചു. പ്രസിഡന്റ് റുഖിയ ബീവി സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫെമിന അശ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വർഗ്ഗ സുനിൽ സ്വാഗതം പറഞ്ഞു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ: അബ്ദുറഹ്‌മാൻ കുട്ടി സംഘടന ക്ലാസ് നയിച്ചു. സൈക്കോളജി കൺസൾട്ടന്റ് അസ്‌ന അബ്ദുൽ കാദർ “ടീനേജ് വെൽബീയിംഗ്” എന്ന വിഷയത്തിലും, കൗൺസിലറും സൈക്കോളജിസ്റ്റുമായ റസിയ നിസാർ “സ്ത്രീകളും മാനസികാരോഗ്യവും” എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. നിത്യജീവിതത്തിൽ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് ആശ്വാസം നേടുന്നതിനും, മാനസികാരോഗ്യം സമ്പുഷ്‌ടമാക്കുന്നതിനും, കൗമാരക്കാരായ പെൺകുട്ടികളുടെ മാനസിക വളർച്ചയ്ക്കും ഉതകുന്നതായിരുന്നു പ്രഭാഷണങ്ങൾ. തുടർന്ന് നടന്ന ചോദ്യോത്തര സെഷനിൽ സദസ്യരുടെ ചോദ്യങ്ങൾക്ക് പ്രഭാഷകർ മറുപടി നൽകി. കുവൈത്ത് നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ഷാജി, ജനറൽ സെക്രട്ടറി മുസ്തഫ മുന്ന, ട്രഷറർ അനൂപ് കെ എന്നിവർ ആശംസകൾ നേർന്നു. കുവൈത്തിലെ പ്രശസ്ത ബാലതാരം ജീവ ജിഗ്ഗുവിന്റെ ഗാനാലാപനം അരങ്ങേറി. അതിഥികൾക്ക് വനിതാ ഘടകം ഭാരവാഹികൾ ഉപഹാരം നൽകി. ട്രഷറർ ഫെമിന ശറഫുദ്ധീൻ നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ അസീന യൂസഫ്, നജിദ സലാഹുദ്ധീൻ, റംസീന നവാസ്, ജംഷിറ മൂസ, മസ്ബൂബ ശംഷാദ്, ഡോ. റിഷിൻ മുഹമ്മദ് മുബാറക് തുടങ്ങിയവർ നേതൃത്വം നൽകി. അറുപതിലധികം പേർ പങ്കെടുത്ത സംഗമത്തിന് രാത്രി പത്ത് മണിയോടെ പരിസമാപ്തിയായി.

തുടരുക...

റാസൽഖൈമ: 54-ാം യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റാസൽഖൈമ ഘടകവും ബ്ലഡ് ഡോണേഴ്സ് കേരള (BDK)യും സംയുക്തമായി റാസൽഖൈമ IRC ഹാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വൈകുന്നേരം 4 മുതൽ രാത്രി 9 വരെ നടന്ന ക്യാമ്പിന് പ്രവാസി സമൂഹത്തിന്റെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 2025-ൽ ആയിരം ദാതാക്കളിൽ നിന്ന് രക്തം ശേഖരിച്ച് എമിറേറ്റ്സ് ഹെൽത്ത് സർവീസിന് സമർപ്പിക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ക്യാമ്പിന്റെ തുടർച്ചയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായി മറ്റു പ്രവാസി സംഘടനാ പ്രതിനിധികളും നിരവധി മലയാളികളും രക്തദാനം നടത്തി. എമിറേറ്റ്സ് ഹെൽത്ത് സർവീസ് മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു രക്ത ശേഖരണം. PCWF ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി, ജി സി സി കോർഡിനേറ്റർ മുഹമ്മദ്‌ അനീഷ്, യു എ ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, യു എ ഇ വനിതാ കമ്മിറ്റി ഭാരവാഹികൾ, റാസൽ ഖൈമ ഘടകം ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ രക്തദാനത്തിൽ പങ്കാളികളായി.

തുടരുക...

റാസൽഖൈമ : യു എ ഇ യുടെ അമ്പത്തിനാലാം ദേശീയ ദിനാഘോഷം “ഈദുൽ ഇത്തിഹാദ്” വിവിധ പരിപാടികളോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റാസൽഖൈമ സാക്കർ പാർക്കിൽ ആഘോഷിച്ചു. ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങ് പ്രസിഡന്റ് ശിഹാബ് കെ കെ യുടെ അദ്ധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡൻ്റ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്യുകയും ദേശീയ ദിന സന്ദേശം നൽകുകയും ചെയ്തു. മലയാളി സമൂഹത്തിന് യു എ ഇ നൽകി വരുന്ന പരിഗണനയും, ചേർത്ത് പിടിക്കലും അഭിമാനകരമാണെന്നും നാമെന്നും ഈ രാജ്യത്തോടും ഇവിടുത്തെ ഭരണാധിപന്മാരോടും, കടപ്പെട്ടവരാണന്നും, രാജ്യത്തോടും, നിയമ സംവിധാനങ്ങളോടും എന്നും നന്ദിയും കടപ്പാടുമുളളവരായി മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം ദേശീയ ദിന സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു. ജി സി സി കോർഡിനേറ്റർ മുഹമ്മദ് അനീഷ് സംസാരിച്ചു. പോറ്റമ്മ നാടിൻ്റെ അമ്പത്തിനാലാം ദേശീയ ദിനത്തിന്റെ ആദര സൂചകമായി താലൂക്കിലെ തെരെഞ്ഞെടുത്ത 54 വിധവകൾക്ക് 2026 ജനുവരി 1 ന് പൊന്നാനിയിൽ നടക്കുന്ന പതിനൊന്നാമത് വനിതാ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ധനസഹായം നൽകാൻ തീരുമാനിച്ചതായി വനിതാ ഘടകം പ്രസിഡൻ്റ് സമീറാ നൂറുൽ അമീൻ പ്രഖ്യാപിച്ചു. ലത്തീഫ് കടവനാട്, ഷബീർ ഈശ്വരമംഗലം, അലി കോട്ടയിൽ, ഹബീബ് റഹ്മാൻ, ഹാഫിസ് റഹ്മാൻ, ഷഹീർ ഈശ്വരമംഗലം, അനിരുദ്ധൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു ഹാഫിസ് റഹ്മാൻ, അനിരുദ്ധൻ, റൈഹാന സലാം ദമ്പതികൾ അവതരിപ്പിച്ച സംഗീത വിരുന്നും, നേഹാ നഹ്റീൻ, ആയിശ ഷബീർ എന്നിവരുടെ യു.എ.ഇ അനുമോദന ഗാനവും ഉണ്ടായിരുന്നു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ മുഹമ്മദ് സ്വാഗതവും, വനിതാ ഘടകം ട്രഷറർ റൈഹാന സലാം നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : സ്ത്രീധന വിരുദ്ധ ദിനമായ നവംബർ 26 ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ഇ എസ് കോളേജ് നിർഭയ വിമൻസ് ഡെവലപ്പ്മെന്റ് സെല്ലുമായി സഹകരിച്ച് എം എസ് കെ ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ എം ഇ എസ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. *ഹിബ നസ്റിൻ* (ഇംഗ്ലീഷ്) നിയമപരവും, ഭരണപരവുമായ മേഖല (Legal & Administrative) സ്ത്രീധന നിരോധന നിയമം 1961: സാധ്യതകളും പരിമിതികളും: നിയമത്തിലെ പഴുതുകളും, അതിന്റെ നടപ്പാക്കലിലെ വെല്ലുവിളികളും, നിയമം കൂടുതൽ ശക്തമാക്കാൻ വരുത്തേണ്ട ഭേദഗതികളും. *എൻ പി ഹിസാന മുഹമ്മദ് ഇഖ്ബാൽ* (ബോട്ടണി) വിദ്യാഭ്യാസ മേഖല (Educational) പാഠ്യപദ്ധതിയിലെ ലിംഗസമത്വം: സ്ത്രീധനം ഒരു സാമൂഹിക തിന്മയായി കാണിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക്: സ്കൂൾ, കോളേജ് തലങ്ങളിൽ എങ്ങനെ അവബോധം സൃഷ്ടിക്കാമെന്നും. *ഫാതിമ റൈഫ കെ* (കമ്പ്യൂട്ടർ സയൻസ്) സാമൂഹികവും സാംസ്കാരികവുമായ മേഖല (Socio-Cultural) സ്ത്രീധനം: ആധുനിക സമൂഹത്തിൽ ഒരു സാംസ്കാരിക 'നിലവാര'മായി മാറുന്നതെങ്ങനെ? വിവാഹച്ചടങ്ങുകളിലും, സാമൂഹിക ചടങ്ങുകളിലും സ്ത്രീധനത്തിനുള്ള സ്വീകാര്യതയും അതിന്റെ വേരുകളും, *ഐശ്വര്യ ആർ* (ഫിസിക്സ്) സാമ്പത്തിക മേഖല (Economic) സ്ത്രീധനവും സ്ത്രീയുടെ സാമ്പത്തിക സ്വാശ്രയത്വവും: സ്ത്രീധനം നൽകുന്നത് ഒഴിവാക്കാൻ സ്ത്രീകൾക്ക് സ്വയം തൊഴിലിലൂടെയോ, വിദ്യാഭ്യാസം വഴിയോ എങ്ങനെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാമെന്നും... *ജസ്ന ടി വി* (സുവോളജി) മാനസികാരോഗ്യ മേഖല (Mental Health) സ്ത്രീധന പീഡനത്തിന്റെ മാനസിക ആഘാതം: ഇരകൾക്കും കുടുംബാംഗങ്ങൾക്കുമുള്ള കൗൺസിലിംഗിന്റെ ആവശ്യകതയും പ്രാധാന്യവും. *ആദിത്യ പി വി* (ബി ബി എ) രാഷ്ട്രീയം (Politics) രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും: സ്ത്രീധന വിരുദ്ധ പ്രചാരണങ്ങളിൽ അവരുടെ ഇടപെടലിന്റെ സാധ്യതകളും, *റിൻഷിദ ഫെവി* (കെമിസ്ട്രി) ചരിത്രപരമായ വിശകലനം (Historical Analysis) കേരള ചരിത്രത്തിലെ വിവാഹ സമ്പ്രദായങ്ങൾ: 'കന്യാധാനം' മുതൽ 'സ്ത്രീധനം' വരെ - മാറ്റത്തിന്റെ സാമൂഹിക കാരണങ്ങളും, *റൈഹാന യു കെ* (ഫാഷൻ ഡിസൈനിംഗ്) പുരുഷ പങ്കാളിത്തവും ഉത്തരവാദിത്തവും (Male Participation & Responsibility) പുരുഷന്മാർക്ക് സ്ത്രീധനത്തിനെതിരെ ശബ്ദമുയർത്താൻ സാധിക്കുന്ന വഴികൾ: സ്ത്രീധനം 'വേണ്ടാ' എന്ന് പറയുന്ന പുരുഷന്മാരെ സമൂഹം പിന്തുണയ്ക്കുന്നതിൻ്റെ പ്രാധാന്യവും, *സത്യഭാമ ആർ* (ബികോം) പരിഹാരങ്ങളും ഭാവിയിലേക്കുള്ള രൂപരേഖയും (Solutions & Future Roadmap)സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാൻ ഒരു ബഹുമുഖ സമീപനം: വിവിധ മേഖലകളുടെ ഏകോപനത്തോടെയുള്ള ഒരു സമഗ്രമായ കർമ്മപദ്ധതിയും. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രശസ്തി പത്രവും സമ്മാനവും, ഏറ്റവും നല്ല അവതരണ മികവ് പുലർത്തിയ വിദ്യാർത്ഥിക്ക് 3001രൂപ ക്യാഷ് അവാർഡും ഡിസംബർ 30 ന് നടക്കുന്ന PCWF പതിനൊന്നാമത് വനിതാ വാർഷിക സമ്മേളനത്തിൽ വെച്ച് നൽകുമെന്ന് സംഘാടക സമിതി ചെയർപേഴ്സൺ എം എ സുബൈദ പോത്തനൂർ, ജനറൽ കൺവീനർ റോഷിനി പാലക്കൽ, ഫിനാൻസ് കൺവീനർ ആരിഫ മാറഞ്ചേരി എന്നിവർ അറിയിച്ചു.

തുടരുക...

പൊന്നാനി : സ്ത്രീധന വിരുദ്ധ മുദ്രാവാക്യങ്ങൾക്കും, ബോധവൽക്കരണങ്ങൾക്കും സ്വീകാര്യത വർദ്ധിക്കുന്നുണ്ടെങ്കിലും, പുതിയ വേഷത്തിലും ഭാവത്തിലും സ്ത്രീധനത്തിൻ്റെ ആധുനിക ആയുധമുനകൾ ഉയർന്നു വരുന്നതാണ് സമൂഹവായനക്കിടയിൽ കാണാൻ കഴിയുന്നതെന്നും, ഇതിനെതിരെ പി സി ഡബ്യു എഫ് പോരാട്ടം തുടരണമെന്നും പ്രമുഖ മനശാസ്ത്രജ്ഞൻ ഡോ: സുലൈമാൻ മേല്പത്തൂർ അഭിപ്രായപ്പെട്ടു. സ്ത്രീധന വിപത്തിനോടൊപ്പം വിവാഹ ധൂർത്തുകൾക്കെതിരേയും ശക്തമായ ബോധവൽക്കരണം നടക്കേണ്ടതുണ്ടെന്നും, യുവജനങ്ങൾ അതിൻ്റെ സന്ദേശ വാഹകരാകണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന വിരുദ്ധ ദിനമായ നവംബർ 26 ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ഇ എസ് കോളേജ് നിർഭയ വിമൻ ഡെവലപ്പ്മെന്റ് സെല്ലുമായി സഹകരിച്ച് എം എസ് കെ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർപേഴ്സൺ എം എം സുബൈദ പോത്തനൂർ അധ്യക്ഷത വഹിച്ചു. PCWF ഗ്ലോബൽ കമ്മിറ്റി ട്രഷറർ അടാട്ട് വാസുദേവൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. എം ഇ എസ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളായ ഹിബ നസ്റിൻ, എൻ പി ഹിസാന മുഹമ്മദ് ഇഖ്ബാൽ, ഫാതിമ റൈഫ കെ, ഐശ്വര്യ ആർ, ജസ്ന ടി വി, ആദിത്യ പി വി, റിൻഷിദ ഫെവി, റൈഹാന യു കെ, സത്യഭാമ ആർ തുടങ്ങിയവർ സ്ത്രീധന സമ്പ്രദായത്തിന്റെ വിവിധ വിഷയങ്ങളെ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. PCWF വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ: വി കെ ബേബി മോഡറേറ്ററായിരുന്നു. കോളേജ് സെക്രട്ടറി ഡോ: ബാബു ഇബ്രാഹിം, വൈ: പ്രിൻസിപ്പൽ ഡോ: റജുൽ ഷാനിസ്, PCWF വർക്കിംഗ് പ്രസിഡൻറ് പി കോയക്കുട്ടി മാസ്റ്റർ, വിവാഹ സമിതി ചെയർമാൻ എൻ പി അഷ്റഫ് എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ സി പി മുഹമ്മദ് മിസ്ഹബ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നിർഭയ ജോ: കോർഡിനേറ്റർ യു ആർ വീണാലക്ഷ്മി സ്വാഗതവും, PCWF വിവാഹ സമിതി കൺവീനർ മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

തുടരുക...

മസ്ക്കറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങൾക്കും, കുടുംബങ്ങൾക്കുമായി രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പ് സംഘടിപ്പിച്ചു . നവംബർ 13,14 തിയ്യതികളിലായി ബർക്ക ഫാമിൽ നടന്ന ക്യാമ്പിൽ "സംഘടന സംഘാടനം" എന്ന വിഷയത്തിൽ പഠനക്ലാസ്, ആദരിക്കൽ, കലാപരിപാടികൾ , ഫുട്ബോൾ മത്സരങ്ങൾ, വിവിധതരം ഗെയിമുകൾ തുടങ്ങിയ സെഷനുകൾ നടന്നു. പി സി ഡബ്യു എഫ് സംഘടന ജീവകാരുണ്യ മേഖലയിൽ ചെയ്തു വരുന്ന നന്മയാർന്ന പ്രവർത്തനങ്ങളും ,അതിലൂടെ പ്രവർത്തകർക്ക് ലഭിക്കുന്ന സംതൃപ്തിയും സംഘടനാ മികവിന്റെ ഉദാഹരണമായി പഠന ക്ലാസിൽ അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾക്ക് ഏറെ കരുത്തു പകരാൻ ഇത് സഹായകമാകും. സംഘാടക സമിതി ചെയർമാൻ ഒമേഗാ ഗഫൂറിന്റെ അധ്യക്ഷതയിൽ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി പ്രസിഡണ്ട് സൽമാ നസീർ, ജനറൽ സെക്രട്ടറി ഷമീമ സുബൈർ എന്നിവർ സംസാരിച്ചു . ജനറൽ സെക്രട്ടറി സമീർ സിദ്ദീഖ് സ്വാഗതവും, ട്രഷറർ പി വി സുബൈർ നന്ദിയും പറഞ്ഞു . തുടർന്ന് വിവിധ സെഷനുകൾക്ക് കോഡിനേറ്റർ നൗഷാദ് കെ ഡി, സംഘാടക സമിതി ട്രഷറർ സമീർ മത്ര, സെക്രട്ടറി ഓ ഓ സിറാജ്, വൈസ് പ്രസിഡണ്ട് ഇസ്മായിൽ കെ വി, മസ്കറ്റ് കമ്മിറ്റി പ്രസിഡണ്ട് മുനവ്വിർ, സെക്രട്ടറി ഷംസീർ, ഫാത്തിമ, സെക്രട്ടറി റഷാദ്, ശർക്കിയ സെക്രട്ടറി റസാക്ക്, റഹ്മത്തുള്ള, ഫിറോസ്, ബദറുദ്ദീൻ, മുസ്തഫ, യഹിയ, മഷ്ഹൂദ്, മുർഷിദ് നസറുദ്ദീൻ, ഉമറലി, സലാം തുടങ്ങിയവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി. ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ മികച്ച സംഘാടനത്തിൽ നിർണായക പങ്കുവഹിച്ച ട്രഷറർ ടി.വി. സുബൈറിനെ പ്രത്യേകമായി ആദരിച്ചു. പാചക മത്സരത്തിൽ വിജയിയായ വനിതാ ഘടകം ട്രഷറർ ആയിഷ ലിസിക്ക് ഉപഹാരം സമർപ്പിച്ചു. എസ് എസ് എൽ സി പരീക്ഷാ വിജയികൾ, വിവിധ കാറ്റഗറിയിൽ പ്രാവീണ്യം തെളിയിച്ച കുട്ടികൾ എന്നിവരെ അനുമോദിച്ചു. സമാപന ചടങ്ങിൽ ബാത്തിന കമ്മിറ്റി സെക്രട്ടറി ജസീര്‍, വനിതാ കമ്മറ്റി ട്രഷറർ ആയിഷ ലിസി، സൽമ സിറാജ്, ഫെബ്ന റംഷാദ് തുടങ്ങിയവർ സംസാരിച്ചു.

തുടരുക...

നരിപ്പറമ്പ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി 11ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശിശുദിനത്തിൽ "ചെറുനിറങ്ങൾ" കുട്ടികളുടെ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. നരിപ്പറമ്പ് അൽ ബഷീർ സ്കൂളിൽ നടന്ന മത്സരത്തിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്ത അഞ്ച് മുതൽ പത്ത് വയസ്സ് വരെയുള്ള മുപ്പതോളം കുട്ടികൾ പങ്കെടുത്തു. മത്സരം ജൂനിയർ, സബ് ജൂനിയർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് നടത്തിയത്. സ്കൂൾ പ്രിൻസിപ്പൾ എൻ ശബ്ന ശിശുദിന സന്ദേശം നൽകി. എം എം സുബൈദ അധ്യക്ഷത വഹിച്ചു. ടി മുനീറ, എസ് ലത വിജയൻ, ഹർഷ പി എന്നിവർ സംസാരിച്ചു. രാജൻ തലക്കാട്ട്, ജി സിദ്ധീഖ്, ആരിഫ മാറഞ്ചേരി, ഹൈറുന്നിസ പാലപ്പെട്ടി, റംല കെ പി, സബീന ബാബു തുടങ്ങിയവർ സംബന്ധിച്ചു. ഹസീന പി പി സ്വാഗതവും, റോഷിനി പാലക്കൽ നന്ദിയും പറഞ്ഞു. ഹസീന, ആമിനു, സുലൈമാൻ ഹാജി, സൈനുദ്ധീൻ ഹാജി, ഹംസ തൂമ്പിൽ, അൻവർ, പി പി ആരിഫ, മുനീറ, സാജിത കാലടി, റഷീദ മാറഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. ഡിസംബർ 30 ന് നടക്കുന്ന വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനത്തിൽ വെച്ച് പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും, ആദ്യ മൂന്ന് സ്ഥാനക്കാരായ വിജയികൾക്ക് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഉപഹാരവും, സമ്മാനങ്ങളും വിതരണം ചെയ്യും.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350