പൊന്നാനി: താലൂക്കിലെ ഏറ്റവും മികച്ച കർഷകന് ചിങ്ങം ഒന്ന് കർഷക ദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
എവർ ഗ്രീൻ സമിതിയുടെ ആഭിമുഖ്യത്തിൽ നൽകി വരുന്ന പൊൻകതിർ പുരസ്കാരത്തിന് ഈ വർഷം മാറഞ്ചേരി - വടമുക്ക്
സ്വദേശി കെ സി അബൂബക്കർ ഹാജി അർഹനായി.
കിട്ടിയ എൻട്രികൾ ജൂറി അംഗങ്ങളായ കൃഷി ഓഫിസർ സുരേഷ്, റിട്ട: ബി ഡി ഒ ഇബ്രാഹിം കുട്ടി എന്നിവർ പരിശോധിക്കുകയും, കൃഷിയിടങ്ങൾ സന്ദര്‍ശിക്കുകയും ചെയ്തതിന് ശേഷമാണ് ജേതാവിനെ പ്രഖാപിച്ചത്.
മാറഞ്ചേരി പഞ്ചായത്തിലെ വടമുക്ക് എട്ടാം വാർഡിൽ പരേതരായ കുഞ്ഞിമുഹമ്മദ്- ആയിഷ ദമ്പതികളുടെ മകനായ
കരുമത്തിൽ ചറ്റാറയിൽ അബൂബക്കർ ,1964 മുതൽ പ്രവാസിയാണ്.
സഊദി, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ നടത്തിയിരുന്നു. പ്രവാസ ലോകത്ത് സിറ്റി അബൂബക്കർ ഹാജി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
നീണ്ട 45 വർഷത്തെ പ്രവാസത്തിന് ശേഷം 2009 മുതൽ നാട്ടിൽ സ്ഥിര താമസമാണ് .
വളരെ ചെറുപ്പം മുതൽ തന്നെ കഠിനാധ്വാനിയായിരുന്നു. കൃഷിയോടുളള താത്പര്യം പ്രവാസിയായിരിക്കുമ്പോഴും തുടർന്നു. അമ്പത് വർഷത്തോളമായി കാർഷിക മേഖലയിൽ തൻറ പ്രയത്നം മികവുറ്റ രീതിയിൽ നടത്തി വരുന്നു.
പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗമാണ്.
25 ഏക്കറോളം നെൽകൃഷി,6 ഏക്കറോളം തെങ്ങിൻ കൃഷി, കായൽ മത്സ്യം ഉൾപ്പെടെ വിവിധയിനം മത്സ്യ കൃഷി, ജലസസ്യമായ അസോള കൃഷി, പ്രകൃതി പരമായ വിവിധ തരം പച്ചക്കറകൾ, കുരുമുളക്, ജാതി, കഴുങ്ങ്, മാവ്, പ്ലാവ് തുടങ്ങി കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കൃഷിയിടത്തിൻറ ഉടമയാണ് ഹാജി.
എമ്പതാം വയസ്സിൽ എത്തിനിൽക്കുമ്പോഴും ഒഴിച്ചു കൂടാനാകാത്ത ദിന ചര്യയായി കൃഷിയെ ഇദ്ദേഹം ചേർത്തു പിടിക്കുന്നു.
2023 ലെ പി സി ഡബ്ല്യു എഫ് പൊൻ പ്രവാസി ശ്രേഷ്ഠ പുരസ്കാരം ഉൾപ്പെടെ
നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സഞ്ചാര പ്രിയനും യോഗാ പരിശീലകനും കൂടിയാണ്.
തൊഴിയൂർ സ്വദേശിനി ഫാത്തിമയാണ് സഹധർമ്മിണി. രണ്ടാണും ഒരു പെണ്ണും ഉൾപ്പെടെ മൂന്നു മക്കളാണ് . എല്ലാവരും വിദേശത്താണ്.
ചിങ്ങം ഒന്ന് ആഗസ്ത് 17 ശനിയാഴ്ച്ച വൈകീട്ട് 3 മണിക്ക് പൊന്നാനി പളളപ്രം ഉറൂബ് നഗറിലെ മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കർഷക ദിന ചടങ്ങിൽ വെച്ച് പുരസ്കാരം നൽകുന്നതാണ്.
കാർഷിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.