തവനൂർ: മനുഷ്യ ബന്ധങ്ങളുടെ ഏറ്റവും അടിസ്ഥാന മൂലകമായിട്ടുളള സ്ത്രീ – പുരുഷ ബന്ധത്തിൽ വിഭജനം സൃഷ്ടിക്കുന്ന സ്ത്രീധനത്തെ ഉന്മൂലനം ചെയ്യാൻ സമൂഹത്തിലെ സമസ്ത മേഖലയിലുളളവരും രംഗത്തിറങ്ങണമെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു.
മൂല്യങ്ങൾക്കും മനുഷ്യത്വത്തിനും വില കൽപ്പിക്കപ്പെടാത്ത എല്ലാം കച്ചവടവൽക്കരിക്കപ്പെടുന്ന ഇന്നത്തെ സമൂഹം മനുഷ്യനെ വിവാഹ കമ്പോളത്തിലെ വിൽപ്പന വസ്തുവായി മാറ്റുകയാണന്നും, ഇതിനെതിരെ യുവതികളും യുവാക്കളും പ്രതിരോധം തീർത്ത് മുന്നേറണമെന്നും,
മനുഷ്യർ ഐക്യപ്പെടേണ്ട ഈ കാലഘട്ടത്തിൽ പരസ്പര വിഭജനത്തിനിടയാക്കുന്ന സർവ്വ തിന്മകളിൽ നിന്നും വിട്ടു നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ത്രീധന രഹിത വിവാഹ സമിതി കുറ്റിപ്പുറം എം ഇ എസ് എഞ്ചിനിയറിംഗ് കോളേജ് വുമൺ ഡെവലപ്പ്മെന്റ് സെല്ലുമായി സഹകരിച്ച് കോളേജ് ഓഡിറ്റോറിയത്തിൽ സ്ത്രീധന വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാമ്പസ് തല ബോധവൽക്കരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ: സുജാത എസ്. വർമ്മ മുഖ്യ പ്രഭാഷണം നടത്തി.
എഞ്ചിനീയർ കെ. വി. ഹബീബുള്ള അധ്യക്ഷത വഹിച്ചു.
പി കോയക്കുട്ടി മാസ്റ്റർ, ഡോ: ഐ. റഹ്മത്തുന്നിസ്സ, ഇ. ഹൈദരലി മാസ്റ്റർ, ടി. മുനീറ, എം എം സുബൈദ, ഡോ: ദീപ ജി, ജി സിദ്ധീഖ് തുടങ്ങിയവർ ആശംസ നേർന്നു.
അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതവും, മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

