പൊന്നാനി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാമത് ജന്മദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സമുചിതമായി ആചരിച്ചു.
ചമ്രവട്ടം ജംഗ്ഷൻ എം ഐ ടവർ പരിസരത്ത് നടന്ന പൊതുയോഗം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.
മനുഷ്യരെ ഒന്നിപ്പിക്കുന്ന സിദ്ധാന്തവുമായി വന്ന മഹാത്മാ ഗാന്ധിജിയെ പോലും തെറ്റായ രീതിയിൽ അവതരിപ്പിക്കുന്ന പ്രവണത സമൂഹത്തിൽ കണ്ടുവരുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്, പ്രതിഷേധിക്കേണ്ടതുണ്ട്.
അതിനാൽ ഗാന്ധിജിയുടെ സന്ദേശങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഈ കാലഘട്ടത്തിൽ ഏറി വരികയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ശിവദാസ് ആറ്റുപുറം പറഞ്ഞു.
ഗാന്ധി ദർശൻ ജില്ലാ കൺവീനർ ആർ പ്രസന്ന കുമാരി ടീച്ചർ ഗാന്ധി ജയന്തി ദിന സന്ദേശം നൽകി.
സത്യം, അഹിംസ, സത്യാഗ്രഹം തുടങ്ങിയ ഉയർന്ന മാനുഷിക മൂല്യങ്ങളിലൂന്നിയ ഗാന്ധിജിയുടെ ജീവിത വീക്ഷണം കൃത്യമായി വരച്ച് കാട്ടികൊണ്ട് ഗാന്ധിജയന്തി ദിന സന്ദേശം നൽകി.
സ്ത്രീകൾ, കുട്ടികൾ, ദലിതർ, പാർശ്വവൽക്കരിക്കപ്പെടവർ തുടങ്ങി സമൂഹത്തിലെ എല്ലാ മനുഷ്യരുടെയും ക്ഷേമ ജീവിതം ലക്ഷ്യമാക്കി ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച മഹാമനീഷിയായിരുന്നു മഹാത്മജി എന്നും അവർ പറഞ്ഞു.
പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അടാട്ട് വാസുദേവൻ മാസ്റ്റർ, ബീക്കുട്ടി ടീച്ചർ, ഇ ഹൈദരലി മാസ്റ്റർ, ശാരദ ടീച്ചർ, രാജൻ തലക്കാട്ട്, അഷ്റഫ് മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
*പാനൂസ* പരിഷ്കരിച്ച പതിപ്പ് പ്രസന്ന കുമാരി ടീച്ചർക്ക് ടി മുനീറ നൽകി.
സി വി മുഹമ്മദ് നവാസ് സ്വാഗതവും, മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

