PCWF പ്രവാസി മീറ്റ് – 2023 പ്രമേയം (2) *അവധിക്കാല ‘വിമാന ടിക്കറ്റ് കൊള്ള’ പിടിച്ചുകെട്ടാൻ കേന്ദ-സംസ്‌ഥാന സർക്കാരുകൾ ഇടപെടുക

PCWF പ്രവാസി മീറ്റ് – 2023  പ്രമേയം (2) *അവധിക്കാല ‘വിമാന ടിക്കറ്റ് കൊള്ള’ പിടിച്ചുകെട്ടാൻ കേന്ദ-സംസ്‌ഥാന സർക്കാരുകൾ ഇടപെടുക

എന്നത്തേയും പോലെ കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അവധിക്കാലമായാൽ കണ്ണിൽ ചോരയില്ലാതെ നാലും അഞ്ചും ഇരട്ടി ടിക്കറ്റുനിരക്ക് ഈടാക്കുന്നതിനെ നോക്കിനിൽക്കുന്ന, സാധാരണക്കാരന്റെ ദുരിതം കാണാന്‍ സാധിക്കാതെ പോകുന്ന കേന്ദ-സംസ്‌ഥാന സർക്കാരുകളുടെ കണ്ണ് തുറക്കാൻ PCWF സംയുക്‌തമായി ആവശ്യപ്പെടുകയാണ്.
ഏഷ്യാ-പസഫിക് രാജ്യങ്ങളില്‍ ഏറ്റവുമധികം ഉയർന്ന ടിക്കറ്റ് നിരക്ക് ഇന്ത്യയിലാണെന്ന് എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ.സി.ഐ) റിപ്പോര്‍ട്ട് പോലും പറയുന്നുണ്ട്.
എന്നിട്ടും ഈ വിഷയം മുന്നിൽ വരുമ്പോൾ മാത്രം മന്ത്രിമാർ പരസ്‌പരം കത്തയച്ച്, പ്രവാസികളെ ആശ്വസിപ്പിക്കും. ഈ സ്‌ഥിരം കലാപരിപാടി സർക്കാരുകൾ അവസാനിപ്പിക്കണം.
പകരം ഈ കൊള്ള ശാശ്വതമായി പിടിച്ചുകെട്ടാനുള്ള നടപടികളിലേക്ക് സർക്കാരുകൾ പ്രവേശിക്കണം.
അതല്ലാത്ത പക്ഷം സമാന സംഘനകളുടെ കൂട്ടായ്‌മയിൽ പ്രവാസികളുടെ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കേണ്ടിവരും എന്നത് ഞങ്ങൾ ഓർമ്മപ്പെടുത്തുകയാണ്.
ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. രാജ്യത്തെയും സംസ്‌ഥാനത്തേയും സർക്കാരുകളെ വിദേശ നാണ്യം കൊണ്ട് സേവിക്കുന്ന പ്രവാസികളുടെ 90 ശതമാനവും, മാസം അൻപതിനായിരം രൂപയിൽ താഴെയുള്ള വരുമാനത്തിൽ ജോലി ചെയ്യുന്നവരാണ്.
ഇവരുടെ കയ്യിൽ നിന്നാണ് ഒന്ന് നാട്ടിൽ വന്നുപോകാൻ മൂന്നും നാലും മാസത്തെ ശമ്പളം ടിക്കറ്റിനായി ഈടാക്കുന്നത്. ഇത് മാനുഷ്യക വിരുദ്ധമായ ക്രൂരതായാണെന്ന് PCWF സർക്കാരുകളെ ഓർമപ്പെടുത്തുകയാണ്.
'വിമാന ടിക്കറ്റ്' എന്നപേരിട്ട് നടത്തുന്ന ഈ തീവെട്ടിക്കൊള്ള കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവെയ്‌ക്കുന്ന സാഹചര്യമാണ് എക്കാലത്തുമുള്ളത്.
മലയാളികൾ കൂടുതലുള്ള യുഎഇ, സൗദി, ഖത്തർ, കുവൈറ്റ്‌, ബഹ്‌റൈൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന പ്രവാസികളെയെങ്കിലും അവധിക്കാലത്ത് നാട്ടിലെത്തിക്കാൻ പ്രത്യേക ചാർട്ടേഡ് ഫ്ളൈറ്റ് താൽകാലികമായി ഏർപ്പെടുത്താൻ സർക്കാരുകൾ തയ്യാറാകണം.
30 കൊല്ലമായി അതാത് സീസണുകളിൽ വിമാന കമ്പനികൾ കൊള്ള ആരംഭിക്കുകയും പ്രവാസിസംഘടനകൾ പ്രതിഷേധം ആരംഭിക്കുകയും ചെയ്യുമ്പോൾ പ്രവാസികളുടെ കണ്ണിൽ പൊടിയിടാനായി, കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ നടത്തുന്ന കത്തെഴുത്തുകളും അവലോകന യോഗങ്ങളും തുടർന്നുള്ള പത്രവാർത്തകൾക്കും അപ്പുറത്തേക്ക് സ്‌ഥിരതയുള്ള പരിഹാരത്തിനായി സർക്കാരുകൾ ശ്രമിച്ചേ പറ്റു എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.
ശരാശരി നാലംഗ കുടുംബത്തിന് നാട്ടിലേക്കെത്തി മടങ്ങിപ്പോകാന്‍ മൂന്ന് ലക്ഷത്തിലധികം രൂപ ചെലവാകുന്ന പരിതാകരമായ അവസ്‌ഥയാണ്‌ അവധിക്കാലത്ത് നിലവിലുള്ളത്. ദശാബ്‌ദങ്ങളായി തുടരുന്ന ഈ കൊള്ളയ്ക്ക് പരിഹാരം കാണേണ്ട കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകൾ വിമാനക്കമ്പനികളുടെ തീവട്ടിക്കൊള്ളയ്ക്ക് ചൂട്ടുകത്തിച്ച് പിടിച്ചുകൊടുക്കുന്ന സ്‌ഥിതിയാണ്‌ എക്കാലവും തുടർന്നിട്ടുള്ളത്.
ശാശ്വത പരിഹാരം കാണുംവരെ ചാർട്ടേഡ് ഫ്ളൈറ്റ് ഉൾപ്പടെയുള്ള ആശ്വാസ നടപടികൾക്കെങ്കിലും മനുഷ്യത്വം പരിഗണിച്ച് സർക്കാരുകൾ തയ്യാറാകണം.
30 കൊല്ലത്തിലധികമായി പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്‌നമാണ് ഉൽസവ, അവധിക്കാല സീസണുകളിലെ വിമാന ടിക്കറ്റ് കൊള്ള. ഇനിയും നീതി വൈകുന്നത് പ്രവാസി സംഘടനകളുടെ ക്ഷമ പരീക്ഷിക്കുന്നതാണെന്നും ഞങ്ങൾ ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു.
പ്രവാസിസംഘടനകളുടെ കൂട്ടായ്‌മയിൽ, നിരാഹാരം ഉൾപ്പടെയുള്ള കടുത്ത സമരപരിപാടികൾ അനിവാര്യമാക്കുന്ന സാഹചര്യത്തിലേക്ക് സർക്കാരുകൾ ഞങ്ങളെ നയിക്കരുത്.
അവതാരകൻ:
എൻ പി അഷ്റഫ് നെയ്തല്ലൂർ (സെക്രട്ടറി PCWF കേന്ദ്ര കമ്മിറ്റി)