തവനൂർ:* കാർഷിക അറിവുകളും കൃഷിരീതികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) എവർഗ്രീൻ സമിതി, കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ (KVK) സഹകരണത്തോടെ തിരഞ്ഞെടുത്ത കർഷകർക്കായി കാർഷിക പഠന ക്ലാസ് സംഘടിപ്പിച്ചു. തവനൂർ KVK കോൺഫറൻസ് ഹാളിൽ രണ്ട് സെഷനുകളിലായി നടന്ന പരിപാടിയിൽ പച്ചക്കറി കൃഷി, താമര കൃഷി എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
രാവിലെ 10.30ന് നടന്ന ഒന്നാം സെഷനിൽ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിലിയ ആമുഖ പ്രഭാഷണം നടത്തി. ‘പച്ചക്കറി കൃഷി എങ്ങനെ പ്രാവർത്തികമാക്കാം’ എന്ന വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജസ്ന ക്ലാസെടുത്തു. രണ്ട് സെന്റ് പോലുള്ള പരിമിതമായ സ്ഥലങ്ങളിൽപ്പോലും മികച്ച രീതിയിൽ പച്ചക്കറി കൃഷി നടത്താൻ കഴിയുമെന്ന് വിശദീകരിച്ച അവർ, ഓരോ വീട്ടിലും അടുക്കളത്തോട്ടം ഒരുക്കുന്നതിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തു.
ഉച്ചയ്ക്ക് 2.30ന് നടന്ന രണ്ടാം സെഷനിൽ ഡോ. പ്രിയ ആമുഖ പ്രഭാഷണം നടത്തി. ‘താമര കൃഷി’ എന്ന വിഷയത്തിൽ നാലാമത് പൊൻകതിർ പുരസ്കാര ജേതാവ് മുനീറ കൊരണപ്പറ്റ ക്ലാസെടുത്തു. താമര കൃഷിയുടെ വിവിധ സാധ്യതകളും പ്രായോഗിക അനുഭവങ്ങളും പങ്കുവെച്ച ക്ലാസ് പങ്കാളികളുടെ ശ്രദ്ധയാകർഷിച്ചു. വിവിധയിനം താമര വിത്തുകളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു.
എവർഗ്രീൻ സമിതി ചെയർപേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു. കൺവീനർ ഇ. ഹൈദരലി മാസ്റ്റർ സ്വാഗതം പറഞ്ഞു.
ക്ലാസുകൾക്കുശേഷം നടന്ന അവലോകന ചർച്ചയിൽ ടി. മുനീറ, റംല കെ.പി., എ.വി. മുഹമ്മദലി (നന്നംമുക്ക്), ചിയാമു മാസ്റ്റർ (മാറഞ്ചേരി), റോഷിനി പാലക്കൽ (പൊന്നാനി), കുഞ്ഞിമുഹമ്മദ് ഹാജി (തവനൂർ) എന്നിവർ സംസാരിച്ചു. മോഹനൻ പാക്കത്ത് നന്ദി പറഞ്ഞു.
കാർഷിക താൽപര്യം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിവിധയിനം പച്ചക്കറി വിത്തുകളുടെ പാക്കറ്റുകളും വിതരണം ചെയ്തു

