മാതൃക വിവാഹ സംഗമമൊരുക്കി പ്രവാസി ദമ്പതികൾ

മാതൃക വിവാഹ സംഗമമൊരുക്കി പ്രവാസി ദമ്പതികൾ

പൊന്നാനി: യുഎഇ അജ്മാനിൽ ജോലി ചെയ്യുന്ന നൂറുൽ അമീനും, ഖോർഫുഖാനിൽ അധ്യാപികയായി ജോലിചെയ്യുന്ന സമീറയുമാണ് തങ്ങളുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് നാല് യുവതി യുവാക്കളുടെ വിവാഹം നടത്തി മാതൃക കാണിച്ചത്.
സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ പതിനൊന്ന് ഘട്ടങ്ങളിലായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നടത്തിയ സ്ത്രീധന രഹിത വിവാഹ സംഗമത്തിലൂടെ 192 യുവതീ യുവാക്കൾക്ക് മംഗല്യ സൗഭാഗ്യമൊരുക്കിയ പി സി ഡബ്ല്യു എഫ് എന്ന ആഗോള സംഘടനയുടെ യു.എ.ഇ കമ്മിറ്റി ഭാരവാഹികളായ നൂറുൽ അമീൻ, സമീറ ദമ്പതികൾ കമ്മിറ്റിയുടെ ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് ഇങ്ങിനെ ഒരു നന്മ നിറഞ്ഞ പ്രവർത്തനത്തിന്റെ ഭാഗമായത്.
ജൂലൈ 19 ന് മാറഞ്ചേരി അത്താണി മദർ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബിയ്യം നങ്ങപറമ്പിൽ നൂറുൽ അമീൻ സമീറ ദമ്പതികളുടെ മകൾ ലുലു മർജാനയുടെയും കോഴിക്കോട് മാവൂർ എരങ്ങോട്ടുമ്മൽ അബ്ദുൽ മജീദ് മകൻ മുഹമ്മദ് ഫായിസിന്റെയും വിവാഹ വേദിയിൽ വെച്ചാണ് നാല് യുവതീ യുവാക്കൾ വിവാഹിതരായത്.
വിവാഹ ചടങ്ങുകൾ പണത്തിന്റെ പകിട്ടും, ധൂർത്തും, ആർഭാടവുമായി നടത്തുന്ന ഈ കാലത്ത് അതിൽ നിന്നും വ്യത്യസ്തമായി രണ്ട് യുവതികൾക്കും നാല് പവൻ സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ എല്ലാ വിവാഹ ചിലവുകളും ഇവർ തന്നെയാണ് വഹിച്ചത്.
വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശിനി ഹൈറുന്നിസയും മൂക്കുതല സ്വദേശി മുഹമ്മദും, പൊന്നാനി സൗത്ത് സ്വദേശിനി അസ്ലമിയ്യയും, കോയമ്പത്തൂർ സേലം സ്വദേശി അമാനുളളയും തമ്മിലുളള വിവാഹമാണ് നടന്നത്.
പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, പൊന്നാനി മഖ്ദൂം എം പി മുത്തുകോയ തങ്ങൾ എന്നിവർ നിക്കാഹിന് കാർമികത്വം വഹിച്ചു .
അനസ് മൗലവി പ്രഭാഷണം നടത്തി.
ജൂൺ 15 ന് നടന്ന സംഘടനയുടെ കേന്ദ്ര പ്രസിഡന്റ് സി എസ് പൊന്നാനിയുടെ മകളുടെ വിവാഹത്തോടെയാണ് അംഗങ്ങളുടെ മക്കളുടെ വിവാഹത്തോടൊപ്പം ചുരുങ്ങിയത് ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹമെങ്കിലും നടത്തുകയെന്ന മാതൃകാ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
ഇതോടെ 200 യുവതീ യുവാക്കൾക്ക് വിവാഹത്തിന് അവസരമൊരുക്കാൻ സംഘടനക്കായി.
ഈ മാതൃക അനുഗമിച്ച് തങ്ങളുടെ മക്കളുടെ വിവാഹത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹമെങ്കിലും നടത്താൻ പലരും രംഗത്ത് വന്നിട്ടുണ്ട്.
വരും കാലങ്ങളിൽ പൊന്നാനി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ അതിനുളള വേദികളായി മാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.